വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ, ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കൂ! വൈറലായി ടോവിനോയുടെ വാക്കുകൾ

നമ്മുടെ രാജ്യം ഇപ്പോഴത്തെ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന അടിസ്ഥാനത്തിൽ ആണ് നമ്മുടെ എല്ലാവരുടെയും മുന്നോട്ടുള്ളഭാവി. കർശനമായും ഗവണ്മെന്റ് നമുക്ക് തരുന്ന എല്ലാ നിർദ്ധേശങ്ങളും നമ്മൾ പാലിക്കേണ്ടതാണ്. രാജ്യമൊട്ടാകെ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും തങ്ങളുടെ വീടുകളില്‍ തന്നെ ഒതുങ്ങി കൂടുകയാണ്. തിരക്കേറിയ ജീവിതത്തില്‍ നിന്നും അപ്രതീക്ഷിതമായി ലഭിച്ച വീട്ടിലിരിപ്പ് സമയം ഫലപ്രദമായും വിരസതയില്ലാതെയും എങ്ങനെ ചെലവഴിക്കാം എന്നാണ് മിക്കവരുടെയും ആലോചന.

സിനിമകളും പ്രമോഷന്‍ പരിപാടികളുമെല്ലാം നിര്‍ത്തിവെച്ചതോടെ കുടുംബത്തോടൊപ്പം വീട്ടില്‍ സമയം ചെലവഴിക്കുകയാണ് ടൊവിനോ തോമസും. മകള്‍ ഇസയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ ആണ് ടൊവിനോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മകളെ ചുമലിലെടുത്ത് വ്യായാമം ചെയ്യുകയാണ് താരം. വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ, ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കൂ എന്നാണ് ടൊവിനോ കുറിയ്ക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ടൊവിനോയുടെ പോസ്റ്റുകള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമാചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ താരങ്ങളെല്ലാം കുടുംബത്തിനൊപ്പമാണ്. കുടുംബത്തിനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെച്ചാണ് പല താരങ്ങളും എത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് മകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച്‌ ടൊവിനോയും എത്തിയത്.

പൊളിക്ക് ബ്രോയെന്ന കമന്റുമായി രാജ് കലേഷും എത്തിയിട്ടുണ്ട്. ഇതെങ്ങനെയാണ് ഇങ്ങനെ ചെയ്യുന്നതെന്നും തന്നേയും പഠിപ്പിച്ച്‌ തരാമോയെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. ചേട്ടന്റെ വീട്ടില്‍ ജിമ്മുണ്ടെന്നും ഞങ്ങള്‍ പാവങ്ങള്‍ക്ക് ഇതൊന്നുമില്ലെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. ഇത് വീട് തന്നെയാണോയെന്നായിരുന്നു മറ്റ് ചിലരുടെ സംശയം. മാള്‍ പോലെയാണല്ലോ വീടെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.

ടൊവിനോ നായകനായ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ വ്യാപനം രൂക്ഷമായത്. തിയേറ്ററുകള്‍ അടക്കാന്‍ സര്‍ക്കാര്‍ തീരുമാനം കൈകൊള്ളുന്നതിനു മുന്‍പു തന്നെ സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് അണിയറപ്രവര്‍ത്തകര്‍ നീട്ടിവച്ചിരുന്നു. ടൊവിനോ ചിത്രം ‘ഫോറന്‍സികും’ തിയേറ്ററുകളില്‍ നിന്നും കൊറോണയുടെ പശ്ചാത്തലത്തില്‍ പിന്‍വലിച്ചിരുന്നു.