സൂര്യയെ നായകനാക്കി ഹരി ഒരുക്കിയ ചിത്രങ്ങളൊക്കെ വൻ വിജയമാണ് നേടിയിട്ടുള്ളത്. വേൽ, ആറ്, സിങ്കം, സിങ്കം 2, സിങ്കം 3 തുടങ്ങിയ ചിത്രങ്ങളൊക്കെ വൻ പ്രേക്ഷക പ്രീതിയാണ് നേടിയത്. ഇതിൽ സിങ്കം സീരീസ് തമിഴ് നാട്ടിൽ ഉണ്ടാക്കിയ ഓളവും വിജയവും കുറച്ചൊന്നും ആയിരുന്നില്ല. സൂര്യ പോലീസ് വേഷത്തിൽ എത്തിയ ഈ സീരീസിന് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഈ വിജയകൂട്ടുകെട്ട് വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്ന് വാർത്തയാണ് പുറത്ത് വരുന്നത്. സൂര്യയെ നായകനാക്കി ഹരി വീണ്ടും സിനിമ ഒരുക്കാൻ പോകുന്നുവെന്ന വാർത്ത അറിഞ്ഞപ്പോൾ മുതൽ ആവേശത്തിൽ ആണ് ആരാധകർ.

ചിത്രത്തിന്റെ പേര് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. അരുവാ എന്നാണ് ചിത്രത്തിന്റെ പേര്. സൂര്യയുടെ 39ാമത്തെ ചിത്രം കൂടിയാണിത്. ആക്ഷന്‍ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. സ്റ്റുഡിയോ ഗ്രീന്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യയെ കൂടാതെ ചിത്രത്തിൽ അഭിനയിക്കുന്ന താരങ്ങൾ ആരൊക്കെയാണെന്ന് അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. അപര്‍ണാ ബാലമുരളി നായികയായി എത്തുന്ന ‘സൂരരൈ പോട്ര്’ ആണ് സൂര്യയുടെ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.