ആ രംഗം ചിത്രീകരിച്ചതിനു ശേഷമാണ് അറിയുന്നത് വാണിക്ക് നീന്തൽ അറിയില്ലായിരുന്നുവെന്നു, അന്ന് ഞങ്ങൾ ശരിക്കും അത്ഭുതപ്പെട്ടുപോയി

മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങളിൽ ഒരുകാലത്തു തിളങ്ങി നിന്ന നായികയായിരുന്നു വാണി വിശ്വനാഥ്. സിനിമയിൽ ഡ്യൂപ്പിന്റെ സഹായമില്ലാതെ പല സാഹസിക അഭ്യാസങ്ങളും ചെയ്യുന്നതിൽ താരം പ്രത്യേക താൽപ്പര്യം കാണിച്ചിരുന്നു. പലപ്പോഴും ആക്ഷൻ രംഗങ്ങളിൽ താരത്തിന്റെ അസാമാന്യ മേയ് വഴക്കവും ആക്ഷൻ രംഗങ്ങളും കണ്ടു മലയാള സിനിമ പ്രേമികൾ ആവേശം കൊണ്ടിട്ടുണ്ട്. മറ്റൊരു നടിയും വാണിയെപോലെ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിൽ ഇത്ര പ്രാവിണ്യം പ്രകടിപ്പിച്ചിട്ടില്ല. വിവാഹ ശേഷം വാണി വിശ്വനാഥ് സിനിമകളിൽ നിന്നും പിന്മാറിയെങ്കിലും വാണിയുടെ സ്ഥാനം കരസ്ഥമാക്കുവാൻ മറ്റൊരു താരത്തിനും ഇത് വരെ കഴിഞ്ഞിട്ടില്ല.

2002 ൽ പുറത്തിറങ്ങിയ ഇന്ത്യ ഗേറ്റ് എന്ന ചിത്രത്തിൽ വാണിയുടെ അസാമാന്യ ആക്ഷൻ രംഗങ്ങൾ നിറഞ്ഞതായിരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ ടി എസ് സജി. ചിത്രത്തിൽ വില്ലനെ ബോട്ടിൽ വാണി പിന്തുടരുന്ന ഒരു രംഗമാണ് ചിത്രീകരിക്കേണ്ടത്. മലമ്പുഴ ഡാമിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. താൻ ഇരിക്കുന്ന ബോട്ടിൽ നിന്നും വില്ലന്റെ ബോട്ടിലേക്ക് എടുത്ത് ചാടുകയും അപ്പോൾ വില്ലൻ വാണിയെ തള്ളി വെള്ളത്തിൽ ഇടാൻ ശ്രമിക്കുകയും വാണി ബോട്ടിന്റെ സൈഡിൽ പിടിച്ചു രക്ഷപ്പെടുകയും ചെയ്യുന്നതായിരുന്നു രംഗം.

രംഗം ഇതാണെന്നു പറഞ്ഞപ്പോൾ ഡ്യുപ്പ് വേണ്ട എന്ന് വാണി പറഞ്ഞു. ശേഷം ആ രംഗം ചിത്രീകരിക്കുകയും ചെയ്തു. ഷൂട്ട് വളരെ മനോഹരമായയാണ് വാണി ചെയ്തതും. നീന്തൽ അറിയാവുന്നത് കൊണ്ട് ഈ രംഗം ബുദ്ധിമുട്ടായി കാണില്ല അല്ലെ എന്ന് ഞാൻ വാണിയോട് തിരക്കിയപ്പോൾ ആണ് വാണി പറയുന്നത് തനിക്ക് നീന്തലെ അറിയില്ല എന്ന്. വാണി അത് പറഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടി പോയി. അസാമാന്യ ധൈര്യമുള്ള ഒരു പെൺകുട്ടിയാണ് വാണി വിശ്വനാഥ് എന്നും സജി പറഞ്ഞു.