സത്യം ഉച്ചത്തിൽ വിളിച്ചു പറയുന്ന രണ്ട്..!! | Rand Movie Review

മലയാളത്തിൽ വല്ലപ്പോഴും മാത്രം പുറത്ത് വരുന്ന തരത്തിലുള്ളതാണ് ആക്ഷേപ ഹാസ്യ ചിത്രങ്ങൾ. എന്നാൽ സന്ദേശം ഒഴികെയുള്ള പല സിനിമകളും അതിന്റെ ഉദ്ദേശത്തിന്റെ പൂർണതയിൽ എത്താതെ വഴിയിൽ വീണു പോകുന്ന അവസ്ഥയാണ് കണ്ടത്. വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തിയ രണ്ട് എന്ന ചിത്രം ആക്ഷേപ ഹാസ്യം എന്ന ലയറിൽ ഉള്ളൊരു സിനിമയാണ്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ഏറെ ചർച്ചകൾ സൃഷ്ടിക്കുന്ന, ഒരുപാട് ചിന്തിക്കേണ്ട വിഷയങ്ങൾ നിറഞ്ഞ ഒരു പ്രമേയമാണ് ആദ്യ ചിത്രത്തിൽ തന്നെ സംവിധായാകൻ വരച്ചിടുന്നത്. ചെമ്പരിക്ക എന്ന സാങ്കല്പിക ഗ്രാമത്തിന്റെ സ്പന്ദനങ്ങളിലൂടെ ഒരുപാട് വലിയ സത്യങ്ങൾ ഉറക്കെ വിളിച്ചു പറയുന്നുണ്ട്.വാവ എന്ന ഓട്ടോ ഡ്രൈവർ ആയി ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ എത്തുന്നത്.

ഒരുപാട് കഥാപാത്രങ്ങൾ ചിത്രത്തിന്റെ കഥയുടെ ഭാഗമാകുന്നുണ്ട്. ചെമ്പരിക്കയിലെ രണ്ട് മത വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നത്തിന്റ ഇടയിൽ വീണു പോകുന്ന നിസ്സഹായനായ വാവ എന്ന യുവാവിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. മനഃപൂർവമല്ലാതെ ചെയ്തു പോയൊരു കാര്യത്തിന് മേൽ പ്രശ്നത്തിലായി പോകുന്ന വാവയെ വിഷ്ണു ഉണ്ണികൃഷ്ണൻ അവതരിപ്പിച്ച രീതി എടുത്തു പറയേണ്ടത് തന്നെയാണ്.

ഇന്നത്തെ സമൂഹത്തിനു നേരെ തുറന്നു പിടിച്ചൊരു കണ്ണാടിയെന്നു ചിത്രത്തിനെ വിളിക്കാം.ഭ്രാന്ത്‌ പിടിച്ച ആൾക്കൂട്ടവും ആൾക്കൂട്ടവും അത് സൃഷ്ടിക്കുന്ന ഭീകരതയുമെല്ലാം ചിത്രം വൃത്തിയായി പറഞ്ഞു വയ്ക്കുന്നു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും നന്നായിരുന്നു, ടിനി ടോമിന്റെ നളിനൻ, കലാഭവൻ റഹ്മാന്റെ മുക്രി എന്നി കഥാപാത്രങ്ങൾ മികച്ചു നിന്നു. ചിത്രത്തിന്റ ഭൂമികയും ഏറെ ശ്രദ്ധേയമാണ്.