ത്രില്ലിങ് റൈഡിന്റെ അനുഭൂതി നൽകുന്ന നൈറ്റ് ഡ്രൈവ് ..റിവ്യൂ വായിക്കാം | Night Drive Movie Review

റോഷൻ മാത്യു, അന്ന ബെൻ,ഇന്ദ്രജിത് സുകുമാരൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന വൈശാഖ് സംവിധാനം ചെയ്‌തത ചിത്രമാണ് നൈറ്റ് ഡ്രൈവ് . ഒരു രാത്രിയിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.പേരിലുള്ളതുപോലെ രാത്രിയിലുള്ള ഒരു യാത്രയാണ് ചിത്രം. തുടക്കത്തിലെ ഒന്ന്, രണ്ട് ചെറിയ രം​ഗങ്ങൾ ഒഴിച്ചാൽ ചിത്രത്തിന്റെ എല്ലാ രം​ഗങ്ങളും നടക്കുന്നത് രാത്രിയാണ്. ഇത്രയും രാത്രി രം​ഗങ്ങൾ നിറഞ്ഞ ഒരു ചിത്രം അടുത്തകാലത്ത് മലയാളത്തിൽ വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കേരളത്തിലെ ഒരു പ്രധാന ചാനലിലെ ന്യൂസ് ആങ്കറും പ്രൊഡ്യൂസറുമാണ് റിയ (അന്ന ബെൻ). റിയയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് ജോർജി (റോഷൻ മാത്യു). വിദേശത്ത് ജോലിക്കായി ശ്രമിക്കുന്ന ജോർജി നാട്ടിൽ യൂബർ ഓടിക്കുകയാണ്. ഇരുവരും പ്രണയത്തിലാണ്. റിയയുടെ പിറന്നാൾ രാത്രി ഇരുവരും കൂടി ഒരു ‘നൈറ്റ് ഡ്രൈവ്’ പോകാൻ തീരുമാനിക്കുന്നു. ആ യാത്രക്കിടയിൽ ഒരു അപകടമുണ്ടാകുന്നു. സംസ്ഥാന രാഷ്ട്രീയത്തെ തന്നെ പിടിച്ചുലയ്ക്കാൻ പോന്ന, സംസ്ഥാനത്തെ ടൂറിസം മന്ത്രിയുമായി ബന്ധപ്പെട്ട, റിയ തന്നെ പുറത്ത് കൊണ്ടുവന്ന ഒരു സംഭവത്തിന് ആ അപകടവുമായി ബന്ധമുണ്ട്. എന്താണ് ആ സംഭവം എന്താണ് ആ അപകടം ഇവ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്.രണ്ടാം പകുതി മുതൽ സിനിമ പക്കാ ത്രില്ലർ മൂഡിലാണ് പോകുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ സൂചിപ്പിക്കും പോലെ വേട്ടയാടപ്പെട്ടവർ വേട്ടക്കാരാകുന്ന രീതിയിലാണ് പിന്നീടുള്ള കഥയുടെ പോക്ക്. കണ്ടിരിക്കുന്നവർക്കും ത്രിൽ അതേ അളവിൽ പകർന്നു കൊടുക്കാൻ അണിയറക്കാർക്കായി.

റോഷൻ മാത്യുവിന്റേയും അന്ന ബെന്നിന്റെയും പ്രകടനമാണ് എടുത്ത് പറയേണ്ട ഒന്ന് വളരെ സൗമ്യനായ ജോർജി എന്ന കഥാപാത്രത്തിന് ഇടയ്ക്കുണ്ടാവുന്ന ട്രാൻസിഷൻ ഒക്കെ റോഷൻ ഗംഭീരമാക്കിയിട്ടുണ്ട്. മാസ് ആക്ഷൻ രംഗങ്ങളും തനിക്ക് വഴങ്ങുമെന്ന് റോഷൻ തെളിയിക്കുന്നുണ്ട്.അതോടൊപ്പം മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്ന ഇന്ദ്രജിത്തും തന്റെ വേഷം ഗംഭീരമാക്കിയിട്ടുണ്ട് . സിദ്ദിഖ്, കാലാഭവൻ ഷാജോൺ, കൈലാഷ്, സോഹൻ സീനുലാൽ, രഞ്ജി പണിക്കർ, സുധീർ കരമന, ഷാജു ശ്രീധർ, മുത്തുമണി എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ.

അവസാന രണ്ട് മാസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായ ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’. പൂർണമായി റിയലിസ്റ്റിക്കല്ല എന്നാൽ പൂർണമായി കൊമേഴ്സ്യലുമല്ല. വിശുദ്ധൻ പോലുള്ള സിനിമകളിലൂടെ തനിക്ക് ഏതു തരത്തിലുള്ള ചിത്രങ്ങളും വഴങ്ങുമെന്ന് നേരത്തെ തന്നെ തെളിയിച്ച അദ്ദേഹത്തിൽ നിന്ന് ലഭിച്ച മറ്റൊരു വ്യത്യസ്ത സിനിമയാണ് നൈറ്റ് ഡ്രൈവ്. അഭിലാഷ് പിള്ളയുടെ തിരക്കഥയും കയ്യടി അർഹിക്കുന്നു. ഒരേ സീനിന് ശേഷവും തവണയും അടുത്തതെന്ത് എന്ന ചിന്ത പ്രേക്ഷകന് സമ്മാനിക്കാൻ തിരക്കഥയ്ക്ക് കഴിയുന്നുണ്ട്. ഒട്ടും തന്നെ വലിച്ച് നീട്ടാതെ കഥയെ വളരെ കൃത്യതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സമകാലികപ്രസക്തിയുള്ള ഒരു വിഷയം വച്ച് കഥപറഞ്ഞു എന്നതും ചിത്രത്തെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്ന ഘടകമാണ്.ക്യാമറാമാൻ ഷാജി രാത്രിയിലുള്ള ഫ്രെയിമുകൾ ഭംഗിയായ ഒപ്പിയെടുത്തപ്പോൾ രഞ്ജിൻ രാജിന്റെ സംഗീതം സിനിമയ്ക്കു യോജിച്ചതായി. ക്‌ളൈമാക്‌സ് രംഗത്തിലെ പശ്ചാത്തലസംഗീതം എടുത്ത് പറയേണ്ട ഒന്നാണ്.

കേവലം രണ്ട് മണിക്കൂർ മാത്രം ദൈർഘ്യമുള്ള,ചെറിയ ട്വിസ്റ്റുകളും ആകാംഷ നിറഞ്ഞ രംഗങ്ങളുമായി ഒരു ത്രില്ലിങ് റൈഡിന്റെ അനുഭൂതി നൽകുന്ന കുഞ്ഞുചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’.സാധാരണ വൈശാഖ് സിനിമകളിൽ കണ്ടു വരുന്നതു പോലുള്ള താരബാഹുല്യം ഇല്ലാത്ത സിനിമയാണ് നൈറ്റ് ഡ്രൈവ്. എന്നാൽ ഇവിടെ താരം ഈ സിനിമയുടെ കഥയാണ്. നമുക്കാർക്കും സംഭവിക്കാവുന്ന ഒരു കാര്യമാണ് വൈശാഖും കൂട്ടരും സിനിമയാക്കിയിരിക്കുന്നത്. പ്രേക്ഷകന് പെട്ടെന്ന് കണക്ട് ആകും എന്നതു തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയും. കുടുംബത്തോടൊപ്പം രണ്ടു മണിക്കൂർ ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്.