നടൻ കലിംഗ ശശി അന്തരിച്ചു….

പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേന്‍ തുടങ്ങി നിരവധി സിനിമകളില്‍ കൂടി ശ്രദ്ധേയനായ കലിംഗ ശശി അന്തരിച്ചു. ഇന്ന് രാവിലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിൽ ആയിരുന്നു താരം. ഏകദേശം 25 വർഷങ്ങൾ കൊണ്ട് സിനിമ ലോകത്ത് നിന്നിരുന്ന താരമായിരുന്നെങ്കിലും ഈ അടുത്തിടെയാണ് താരത്തിന് കൂടുതൽ ജനശ്രദ്ധ ലഭിച്ചു തുടങ്ങിയത്.

നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ‘തകരച്ചെണ്ട’യെന്ന, അധികമാരും കാണാത്ത സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന്, അവസരങ്ങള്‍ ലഭിക്കാതെവന്നപ്പോള്‍ നാടകത്തിലേക്ക് തിരിച്ചുപോയി.

പിന്നീട് ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത് ചിത്രത്തിലൂടെ വീണ്ടും വെളളിത്തിരയില്‍ തിരിച്ചെത്തി. പിന്നീടിങ്ങോട്ട് കലിംഗ ശശി മലയാള ചലച്ചിത്ര ലോകത്തിന്റെ ഭാഗമായി. കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനായാണ് കലിംഗ ശശിയുടെ ജനനം. പ്രഭാവതിയാണ് ഭാര്യ.