മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയിൽ ഒരു പോലെ കത്തിക്കയറുന്ന സമയത്താണ് ഹരികൃഷ്ണൻസ് സിനിമ റിലീസ് ആകുന്നത്. സിനിമ വൻ വിജയം ആയിരുന്നുവെന്നു മാത്രമല്ല സിനിമയിലെ പാട്ടുകൾക്ക് ഇന്നും ആരാധകർ ഏറെയാണ്. മൂന്നു ക്ലൈമാക്സ് ഉള്ളതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അന്നത്തെ കാലത്തെ മുൻനിര താരങ്ങളെയെല്ലാം അണിനിരത്തിയാണ് ഫാസിൽ ഹരികൃഷ്ണൻസ് ഒരുക്കിയത്. ഇപ്പോൾ ഹരികൃഷ്ണൻസ് ചിത്രത്തെപ്പറ്റി മനസുതുറക്കുകയാണ് ഫാസിൽ.

മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയിൽ ജ്വലിച്ചു നിൽക്കുന്ന സമയം ആയിരുന്നു അത്. ഇവരെ രണ്ടുപേരെയും മുൻനിർത്തി ഒരു സിനിമ ചെയ്യുകയെന്ന ഒരു ആഗ്രഹം എന്റെ മനസ്സിൽ ഉദിച്ചിരുന്നു. രണ്ടുപേരും എന്റെ അടുത്ത സുഹൃത്തുക്കളും ആയിരുന്നു. അവരോട് ഈ വിഷയം അവതരിപ്പിച്ചപ്പോൾ അവർക്കും സമ്മതം ആയിരുന്നു. എന്നാൽ കൂടുതൽ മുൻതൂക്കം ആർക്കും കൊടുക്കാതെ തിരക്കഥ തയാറാക്കുക എന്നതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ കടമ്പ. ഏതെങ്കിലും ഒരാളെ കൂടുതലായി പരിഗണിച്ചു എന്ന വിമർശനം ഉണ്ടാകാതിരിക്കാൻ ഞാൻ ഒരുപാട് ശ്രദ്ധിച്ചിരുന്നു. അങ്ങനൊരു വിമർശനം വന്നാൽ അത് ചിലപ്പോൾ മറ്റേ ആൾക്ക് വിഷമം തോന്നാം. സിനിമയുടെ ക്ലൈമാക്സ് ആണ് ഏറെ കുഴക്കിയത്. നായികയായി വേഷമിട്ട ജൂഹി ചൗളയെ ഇവരിൽ ആര് സ്വന്തമാക്കുമ്മന്നായിരുന്നു ആശയക്കുഴപ്പം. അവസാനം രണ്ടു ക്ലൈമാക്സ് ആയി ചിത്രം പൂർത്തീകരിച്ചു. ആകെ 36 പ്രിന്റിൽ 16 ല്‍ മോഹന്‍ലാലിന് കിട്ടുന്നതും 16 ല്‍ മമ്മൂട്ടിക്ക് കിട്ടുന്നതുമായാണ് ചിത്രീകരിച്ചത്.