ഒരേ സമയം അഭിനയത്തിലും ആലാപനത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ബോളിവുഡ് താരമാണ് ആയുഷ്മാൻ ഖുറാന. അഭിനയത്തിൽ ആണെങ്കിലും ആലാപനത്തിൽ ആണെങ്കിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരം പ്രത്യേകം ശ്രദ്ധിക്കും. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ പഴയകാല ജീവിതത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ആയുഷ്മാൻ.

പണ്ട് താൻ തിയറ്റര്‍ ഷോകള്‍ക്കായി പശ്ചിം എക്സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ പാട്ടുപാടി സഹയാത്രികരിൽ നിന്നും പണം കൈപറ്റിയിരുന്നുവെന്നും ആ പണം കൊണ്ട് താൻ ഗോവയ്ക്ക് ട്രിപ്പ് പോയിട്ടുണ്ടെന്നുമാണ് ആയുഷ്മാൻറെ വെളിപ്പെടുത്തൽ. നന്നായി പാട്ടുപാടുന്നത് കൊണ്ട് തന്നെ സഹയാത്രികൾ പണം തരുന്നതിൽ മടി കാണിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

2012ല്‍ പുറത്തിറങ്ങിയ ‘വിക്കി ഡോണര്‍’ എന്ന ചിത്രത്തിലൂടെയാണ് ആയുഷ്മാന്‍ സിനിമയിലേക്ക് എത്തുന്നത്. എല്ലാരും ചെയ്യുന്നത് പോലെ സാധാരണ ഒരു സിനിമ ചെയ്തു അഭിനയത്തിലേക്ക് വരാൻ തനിക്ക് താൽപ്പര്യം ഇല്ലായിരുന്നു വെന്നും മനസിന് ഇഷ്ട്ടപെട്ട തിരക്കഥ കിട്ടാതിരുന്നതിനാൽ ആദ്യം വന്ന 5 അവസരങ്ങളും താൻ നിരസിച്ചുവെന്നും അവസാനം വിക്കി ഡോണറിൻറെ തിരക്കഥ ഇഷ്ട്ടപെട്ടതിനാൽ ആണ് ആ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചതെന്നുമാണ് ആയുഷ്മാൻ അഭിമുഖത്തിൽ വ്യക്തമാക്കിയത്.