ചെറുപ്പത്തിൽ പുരുഷാധിപത്യം കാണിച്ചതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു, വെളിപ്പെടുത്തി ആഷിക് അബു!

മറ്റ് പുരുഷന്മാരെപ്പോലെ താനും ചെറുപ്പത്തിൽ പല കാര്യങ്ങളിലും പുരുഷാധിപത്യം സ്ഥാപിച്ചിട്ടുണ്ടെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് മലയാള സിനിമ സംവിധായകൻ ആഷിക് അബു. എന്നാൽ അന്ന് അങ്ങനെ പെരുമാറിയതിന് ഇന്ന് തനിക് അതിയായ ഖേദം ഉണ്ടന്നും ആഷിക് അറിയിച്ചു. ഫോളോ ചെയ്യുന്നവരുമായി സംവദിക്കാനുള്ള പ്രത്യേക ചാറ്റ് സംഭാഷണത്തിനിടയിലാണ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് സംവിധായകന്‍ മറുപടി നല്‍കിയത്.

നേതാക്കന്‍മാരുടെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ ആരുടേതാണ് തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് പിണറായി വിജയന്‍ എന്നായിരുന്നു ആഷിക്കിന്റെ മറുപടി. മലയാളസിനിമയ്ക്ക് ഇപ്പോഴുള്ള ഏറ്റവും വലിയ ഭീഷണി പൈറസിയാണെന്നും ആഷിക് അബു പറഞ്ഞു. റിമയുമൊത്തുള്ള ഒരു ചിത്രം പങ്കുവെക്കാമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് ഉടൻ റീമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു ആഷിക് മറുപടിയും നൽകിയിരുന്നു. ഇറ്റാലിയൻ ചിത്രമായ ലൈഫ് ഈസ് ബ്യൂട്ടിഫുൾ കണ്ടതിനുശേഷമാണ് തനിക്ക് സംവിധായകൻ ആകണമെന്ന ആഗ്രഹം ഉണ്ടായതെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ നിരവധി പേരുടെ ചോദ്യങ്ങൾക്ക് വളരെ രസകരമായി തന്നെ ആഷിക് മറുപടിയും നൽകിയിരുന്നു.