200 തിയേറ്റര്‍ മൂന്ന് ആഴ്ചത്തേക്ക് തരാമെന്ന വാക്ക് ഉടമകള്‍ പാലിച്ചില്ല’; മരക്കാരിനെ പിന്തുണച്ച് സിയാദ് കോക്കര്‍

മോഹന്‍ലാല്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് 200 തിയേറ്ററുകള്‍ തരമാമെന്ന വാക്ക് ഉടമകള്‍ പാലിച്ചില്ലെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിയാദ് കോക്കര്‍.  200 തിയേറ്റര്‍ മൂന്ന് ആഴ്ചത്തേക്ക് എനിക്ക് കിട്ടണം എന്ന് ആൻ്റണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അത് 86 തിയേറ്ററിലേക്ക് ആക്കിയത് ഉടമകള്‍ തന്നെയാണെന്നും സിയാദ് കോക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിയാദ് കോക്കര്‍ പറഞ്ഞത്: ‘മരക്കാര്‍ വിഷയത്തില്‍ ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങളുമില്ല. ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ സംഘടനയുടെ അംഗമായിരുന്നു. കൊവിഡ് തുടങ്ങിയ സമയത്ത് അദ്ദേഹം സിനിമ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണ് എന്ന് അറിയിച്ചിരുന്നു. ഒരു 200 തിയേറ്റര്‍ മൂന്ന് ആഴ്ചത്തേക്ക് എനിക്ക് കിട്ടണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് ഫിയോക്ക് അംഗീകരിക്കുകയും തിയേറ്റര്‍ ഉടമകള്‍ക്ക് എഗ്രിമെന്റ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ 86 തിയേറ്ററുകളില്‍ നിന്നും മാത്രമാണ് മറുപടി വന്നത്. ഇത്രയേറെ റിസ്‌ക് എടുത്ത് മരക്കാര്‍ റിലീസ് ചെയ്യുമ്പോള്‍ 86 തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചാല്‍ മതിയോ? വൈകാരികമായി വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നതില്‍ അര്‍ത്ഥമില്ല.സത്യാവസ്ഥ ഇതിന്റെ പുറകിലുണ്ട്. അഡ്വാന്‍സ് കൊടുക്കുക എന്ന് പറഞ്ഞാല്‍ വലിയ കാര്യമൊന്നുമല്ല. തമിഴ് സിനിമകള്‍ക്ക് തിയേറ്റര്‍ ഉടമകള്‍ എത്ര അഡ്വാന്‍സ് കൊടുത്തു? കഴിഞ്ഞ രജനികാന്ത് പടത്തിന് കൊടുത്തത് എത്രയാണ്? അത് ചൂണ്ടിക്കാണിച്ച് ഞങ്ങള്‍ക്ക് ഇത്ര കിട്ടാനുണ്ട് എന്ന് പറയുന്നതില്‍ കാര്യമില്ല. ഇവര്‍ അഡ്വാന്‍സ് കൊടുക്കുന്നത് എന്തിനാ? ഇതൊന്നും നല്ല പ്രവണതയല്ല. ഒടിടി റിലീസ് ചെയ്യുക എന്നത് നിര്‍മ്മാതാവിന്റെ തീരുമാനം ആണെങ്കില്‍ അതിനെ സ്വാഗതം ചെയ്യും. ഇപ്പോള്‍ 50 ശതമാനം മാത്രമാണ് പ്രേക്ഷകര്‍. ഈ അവസ്ഥയില്‍ എല്ലാ നഷ്ടവും സഹിച്ച് പടം റിലീസ് ചെയ്യട്ടെ എന്ന് തീരുമാനിക്കുന്നത് ആണോ മര്യാദ? രണ്ടുകൂട്ടരും സഹകരിച്ചാല്‍ മാത്രമേ കാര്യമില്ല. നല്ല ഇനിഷ്യല്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സിനിമകള്‍ക്ക് അഡ്വാന്‍സ് കൊടുക്കുന്ന പ്രവണത പണ്ട് മുതലേയുണ്ട്. അതൊന്നും ഒറ്റ് കാരണമേയല്ല. ഈ സാഹചര്യത്തില്‍ നിര്‍മ്മാതാവുമായ സംസാരിച്ച് പ്രദര്‍ശിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ബാന്‍ ചെയ്യും എന്ന് പറയുന്നത് ശരിയല്ല. ഇവരെയെല്ലാം സംയുക്തമായി കൊണ്ടുവരികയാണ് സംഘടനകള്‍ ചെയ്യേണ്ടിയിരുന്നത്.’

ഒക്ടോബര്‍ 25ന് തിയറ്ററുകള്‍ തുറക്കുന്നതിന് പിന്നാലെ ഫെസ്റ്റിവല്‍ റിലീസുകളായി മരക്കാര്‍, ആറാട്ട് എന്നീ സിനിമകളെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തിയറ്ററിന് വേണ്ടി മാത്രം ഒരുക്കിയ സിനിമയാണെന്നും ഒരിക്കലും ഒടിടി റിലീസ് ആലോചിക്കില്ലെന്നും നേരത്തെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. 2020 മാര്‍ച്ച് റിലീസായി ആലോചിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം പല തവണ റിലീസ് മാറ്റിവെച്ചെങ്കിലും കൊവിഡ് മൂലം നടന്നില്ല.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ബ്രോ ഡാഡി, ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാന്‍, ഷാജി കൈലാസ് ചിത്രം എലോണ്‍ എന്നിവയും ഒടിടി റിലീസായാണ് ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.മുംബൈയില്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം പ്രതിനിധികള്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം കണ്ടതായും വമ്പന്‍ തുക ഓഫര്‍ ചെയ്തെന്നും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നറിയുന്നു.

തിയറ്റര്‍ റിലീസായി ആലോചിച്ച ടൊവിനോ തോമസ് ചിത്രം മിന്നല്‍ മുരളി, നിവിന്‍ പോളിയുടെ കനകം കാമിനി കലഹം എന്നീ സിനിമകളും ഒടിടി റിലീസിലേക്ക് മാറിയിരുന്നു. ആമസോണ്‍, ഹോട്സ്റ്റാര്‍ ഡിസ്നി, നെറ്റ്ഫ്ളിക്സ്, സീ ഫൈവ്, സോണി ലിവ് എന്നീ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ ക്രിസ്മസ് റിലീസുകളുമായി തിയറ്ററിനൊപ്പം മത്സരിക്കാനൊരുങ്ങുകയാണ്.