ഷാഫി – സിന്ധുരാജ് ടീം ആദ്യമായി ഒന്നിക്കുന്നു സപ്ത തരംഗയുടെ പുതിയ പ്രൊഡക്ഷൻ ആരംഭിച്ചു..!

പ്രശസ്ത സംവിധായകൻ ഷാഫി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. പഞ്ചവര്ണ്ണ തത്ത, ആനക്കള്ളൻ എന്നിവക്ക് ശേഷം സപ്ത തരംഗ ക്രീയേഷന്സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന ഈ ചിത്രം കൊല്ലങ്കോട് ആനമുറി സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. നെന്മാറ എം എൽ എ ആയ കെ ബാബു ആണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. എം സിന്ധുരാജ് തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് മനോജ് പിള്ളയും സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാനും ആണ്. മനു മൻജിത് ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ രചിച്ചിരിക്കുന്നത്. ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ പേരിടാത്ത ചിത്രം ഷാഫി ഒരുക്കുന്നത്.

 

ഇന്ദ്രൻസ്, ഷറഫുദീൻ, അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തു ശ്രദ്ധ നേടിയ അനഘ നാരായണൻ, വനിതാ കൃഷ്ണചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. കൊല്ലങ്കോട്, കൊടുവായൂർ പ്രദേശത്തു ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ഇതിനു മുൻപ് വൺ മാൻ ഷോ, കല്യാണ രാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ക്ലേറ്, ചട്ടമ്പി നാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ് മാൻ, ടൂ കൺഡ്രീസ് എന്നീ സൂപ്പർ ഹിറ്റുകൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകൻ ആണ് ഷാഫി.