വാപ്പിച്ചിയും മകനും നേർക്കുനേർ; ഭീഷ്മയെ നേരിടാൻ ഹേ സിനാമിക..!

മലയാള സിനിമയിലെ മെഗാ സ്റ്റാർ ആയ മമ്മൂട്ടിയും അദ്ദേഹത്തിന്റെ മകനും യുവ താരവുമായ ദുൽകർ സൽമാനും ബോക്സ് ഓഫീസിൽ നേർക്കുനേർ എത്തുന്ന കാഴ്ചക്കാണ് നാളെ മലയാള സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആദ്യമായി ഒരു മമ്മൂട്ടി ചിത്രവും ദുൽകർ ചിത്രവും ഒരേ ദിവസം റിലീസ് ചെയ്യുകയാണ്. മമ്മൂട്ടി നായകനായ അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം നാളെ എത്തുമ്പോൾ, അതോടൊപ്പം തന്നെയാണ് ബ്രിന്ദ മാസ്റ്റർ ഒരുക്കിയ ദുൽകർ സൽമാൻ ചിത്രം ഹേ സിനാമികയും നാളെ ആഗോള റിലീസ് ആയി എത്തുന്നത്. ഹേ സിനാമിക ഒരു തമിഴ് ചിത്രമാണ് എന്ന പ്രത്യേകതയും ഉണ്ട്. കേരളത്തിലെ നൂറോളം സ്‌ക്രീനുകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത് എങ്കിൽ കേരളത്തിലെ മുന്നൂറ്റി അന്പതോളം സ്‌ക്രീനുകളിൽ ആണ് മമ്മൂട്ടി ചിത്രം എത്തുന്നത്.

മമ്മൂട്ടിയും ദുൽകർ സൽമാനും ഇതുവരെ ഒരു ചിത്രത്തിൽ ഒരുമിച്ചു അഭിനയിച്ചിട്ടില്ല എന്ന് മാത്രമല്ല, ഇരുവരും നായകന്മാരായി എത്തിയ ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ ഈ പുതിയ ബോക്സ് ഓഫീസ് പോരാട്ടം വലിയ ആകാംഷയോടെ ആണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്. കുറുപ്പ് എന്ന ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ ദുൽകർ, അതിനു ശേഷം കൊണ്ട് വരുന്ന ചിത്രമാണ് ഹേ സിനാമിക എങ്കിൽ കരിയറിലെ മറ്റൊരു മെഗാ വിജയം ലക്ഷ്യമിട്ടാണ് മമ്മൂട്ടി ഭീഷ്മ പർവവും ആയി എത്തുന്നത്. അമൽ നീരദ് തന്നെ നിർമ്മിച്ച ഭീഷ്മ പർവ്വം രചിച്ചത് അദ്ദേഹവും നവാഗതനായ ദേവദത് ഷാജിയും ചേർന്നാണ്. മദൻ കർക്കി രചിച്ച റൊമാന്റിക് കോമഡി ചിത്രമായ ഹേ സിനാമിക കേരളത്തിൽ റിലീസ് ചെയ്യുന്നത് ദുൽഖറിന്റെ സ്വന്തം പ്രൊഡക്ഷൻ ബാനർ ആയ വേഫേറർ ഫിലിംസ് ആണ്.