നടനും മഞ്ജുവാര്യരുടെ സഹോദരനുമായ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്തു. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഒരു ഫീൽ ഗുഡ് മൂവി എന്ന് ചിത്രത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.
മുംബൈയിൽ സംരംഭകയായ ആനിയിലൂടെയാണ് ലളിതം സുന്ദരത്തിന്റെ കഥ തുടങ്ങുന്നത്. ഭർത്താവ് സന്ദീപിനും രണ്ടു മക്കൾക്കുമൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കാൻ തറവാട്ടിലേക്ക് എത്തുകയാണ് ആനി. ഒരുപാടു ഓർമകൾക്കൊപ്പമാണ് ആനിയെപ്പോലെ ആനിയുടെ രണ്ടു സഹോദരങ്ങളും ആ വീട്ടിലെത്തുന്നത്. തെറ്റിദ്ധാരണകളുടെ പേരിൽ പറഞ്ഞു തീർക്കാത്ത ചില സൗന്ദര്യപിണക്കങ്ങളുണ്ട് അവർക്കിടയിൽ. ചടങ്ങിൽ പങ്കെടുത്ത് പെട്ടെന്ന് പിരിയാൻ തീരുമാനിച്ചിരുന്ന അവർ, ഒരാഴ്ച തറവാട്ടിൽ താമസിക്കാൻ തീരുമാനിക്കുന്നതോടെയാണ് പ്രേക്ഷകർ അവരുടെ ജീവിതങ്ങളെ അടുത്തറിയുന്നത്. ഈ ഒരാഴ്ചക്കാലം അവരുടെ ജീവിതത്തെ മാറ്റി മറിക്കുന്നതെങ്ങനെയെന്ന് രസകരമായി പങ്കുവയ്ക്കുകയാണ് ലളിതം സുന്ദരം എന്ന സിനിമ.സഹോദരങ്ങൾക്കിടയിലെ വഴക്കുകളും പരിഭവങ്ങളും അവയുടെ ഫ്ലാഷ് ബാക്ക് സ്റ്റോറികളുമൊക്കെയായി രസകരമായാണ് ചിത്രം പുരോഗമിക്കുന്നത്.
ആനിയെന്ന കഥാപാത്രമായി മഞ്ജുവാര്യരും ഉള്ളിലൊരുപാട് വേദനകൾ പേറുന്ന സണ്ണിയായി ബിജു മേനോനും തകർത്തു അഭിനയിച്ചിട്ടുണ്ട്. അനു മോഹന്റെ അനിയൻ വേഷം, സൈജു കുറുപ്പിന്റെ അളിയൻ വേഷം, രഘുനാഥ് പലേരിയുടെ അച്ഛൻ കഥാപാത്രം, സുധീഷിന്റെ രാജേഷ് മാഷ് തുടങ്ങിയ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടം കവരും. സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്, മാസ്റ്റര്‍ ആശ്വിന് വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കൾ.സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാർ, ഗൗതം ശങ്കർ എന്നിവർ നിർവ്വഹിക്കുന്നു.
പ്രമോദ് മോഹൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു.എഡിറ്റര്‍- ലിജോ പോള്‍, നിർമ്മാണം- മഞ്ജു വാര്യർ, കൊച്ചുമോൻ,എക്സിക്യൂട്ടീവ് പ്രാെഡ്യൂസര്‍- ബിനീഷ് ചന്ദ്രന്, ബിനു ജി., പ്രൊഡക്ഷൻ കണ്ട്രോളര്- എ.ഡി. ശ്രീകുമാർ, കല- എം. ബാവ, മേക്കപ്പ്- റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വാവ, അസ്സോസിയേറ്റ് ഡയറക്ടര്‍- എ.കെ. രജിലീഷ്, മണ്‍സൂര്‍ റഷീദ് മുഹമ്മദ്, ലിബെന് അഗസ്റ്റിന് സേവ്യര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- മിഥുന് ആര്., സ്റ്റില്‍സ്- രാഹുല്‍ എം. സത്യന്, പ്രൊമോഷൻ സ്റ്റിൽസ്- ഷാനി ഷാക്കി, പരസ്യകല- ഓള്ഡ്മങ്കസ്, ഫിനാന്‍സ് കണ്ട്രോളര്- ശങ്കരന് നമ്പൂതിരി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനില്‍ ജി. നമ്പ്യാര്‍, സെവന് ആര്‍ട്ട് കണ്ണൻ. പി.ആർ.ഒ. – എ.എസ്. ദിനേശ്, ശബരി.