എം പദ്മകുമാർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം പത്താം വളവ് ചിത്രീകരണം പൂർത്തിയായി..!!

ജോസെഫ് എന്ന സൂപ്പർ ഹിറ്റിന് ശേഷം എം പദ്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.44 – ഓളം ദിവസം ഷൂട്ട്‌ ചെയ്ത ഈ ത്രില്ലെർ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് സുകുമാരൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. അതിഥി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പതമാക്കിയാണ് ചിത്രം കഥ പറയുന്നത്. ത്രില്ലറിന് ഉപരി ഒരു കുടുംബ ചിത്രം കൂടിയാണ് പത്താം വളവു.യു ജി എം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രൻ, ജിജോ കാവനാൽ, പ്രിൻസ് പോൾ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ബോളിവുഡ് നിർമ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ഈ ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ നിതിൻ കേനിയുടെയും നവീൻ ചന്ദ്രയുടെയും പങ്കാളിത്തത്തിൽ ഉള്ള കമ്പനിയാണ് മുംബൈ മൂവി സ്റ്റുഡിയോസ്.

അജ്മൽ അമീർ അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്ണൻ,ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് രതീഷ് റാം ആണ്. ജോസഫിന് സംഗീതമൊരുക്കിയ രെഞ്ജിൻ രാജ് തന്നെയാണ് പത്താം വളവിനും ഈണങ്ങൾ ഒരുക്കുന്നത്. ഷമീർ മുഹമ്മദ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്.